അമ്പലവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ-കായിക മത്സരങ്ങൾ 2026 ഒക്ടോബർ 25 മുതൽ ഒക്ടോബർ 30 വരെ വിവിധ വേദികളിൽ വെച്ച് നടത്തപ്പെടുന്നു. മുഴുവൻ കലാ-കായിക താരങ്ങളെയും പൊതുജനങ്ങളെയും ആർട്സ് &സ്പോർട്സ് ക്ലബ് പ്രവർത്തകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഭൂമിശാസ്ത്രം

     ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് അക്ഷാംശം 11.26 ഡിഗ്രിക്കും 11.59 ഡിഗ്രിക്കും രേഖാംശം കിഴക്ക് 76.26 ഡിഗ്രിക്കും 75.46 ഡിഗ്രിക്കും ഇടയിലാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 975 മീറ്റര്‍ ഉയരത്തില്‍ വയനാട് ജില്ലയുടെ തെക്കുകിഴക്കേ മൂലയിലായി തമിഴ്നാട് സംസ്ഥാനത്തോടു ചേര്‍ന്നാട് കിടക്കുന്നത്. ഏകദേശം  പടിഞ്ഞാറോട്ടും വടക്കോട്ടും ചരിഞ്ഞാണ് ഭൂമിയുടെ കിടപ്പ്. പഞ്ചായത്തിന്റെ  കിഴക്കുഭാഗം അല്പം  തെക്കോട്ട് ചരിഞ്ഞും കിടക്കുന്നു.  ഭൂരിഭാഗം പ്രദേശങ്ങളും കബനി നീര്‍ത്തടത്തിലും 25 ശതമാനത്തോളം ഭാഗം ചാലിയാര്‍ നീര്‍ത്തടത്തിലുമായാണ് സ്ഥിതി ചെയ്യുന്നത്.

കിഴക്കേ അതിര്‍ത്തിയോടുചേര്‍ന്ന് ചാലിയാറിന്‍റെ പോഷകനദിയായ കോട്ടൂര്‍ പുഴയും പടിഞ്ഞാറ് അതിര്‍ത്തിയില്‍ കബനീ നദിയുടെ കാരാപ്പുഴയും ഒഴുകുന്നു.  ആനപ്പാറ തോട്, ആമ്ടൂര്‍ തോട്,  എന്നിവ കോട്ടൂര്‍ പുഴയിലേക്കും കുപ്പമുടി തോട്,പാതിരമ്പം അരിമുണ്ട തോട്, കളത്തുവയല്‍ തോട്, ഓടവയല്‍ തോട്,ചീങ്ങവല്ലം കൂട്ടാറ തോട്,കമ്പാളക്കൊല്ലി -പായ്ക്കൊല്ലി തോട്, കരിങ്ങലോട് അത്തിമട്ടം തോട്,  കരിങ്ങലോട്- പുറ്റാട്- മണല്‍വയല്‍ തോട്, പങ്ങലേരി തോട്, നല്ലന്നൂര്‍ തോട് എന്നിവ കാരാപ്പുഴയിലേക്കും ഒഴുകുന്നു. ഇവയ്ക്കു പുറമെ അനേകം അരുവികളും നീര്‍ച്ചാലുകളും പ്രദേശത്തെ ജലസമ്പുഷ്ടമാക്കുന്നു.

പഞ്ചായത്തിന്‍റെ വടക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്തും സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയും കിഴക്ക് നെന്‍മേനി ഗ്രാമപഞ്ചായത്തും തമിഴ്നാട് സംസ്ഥാനവും തെക്ക് മൂപ്പനാട് ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് മുട്ടില്‍, മേപ്പാടി, മൂപ്പനാട് ഗ്രാമപഞ്ചായത്തുകളും  അതിര്‍ത്തി പങ്കിടുന്നു. സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ ഉള്‍പ്പെട്ട പ്രദേശത്തിന്‍റെ ആസ്ഥാനമായ അമ്പലവയല്‍  സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 11.കി.മി ദൂരത്തിലാണ്. ജില്ലാ ആസ്ഥാനത്തുനിന്നും 22. കി.മി ദൂരത്തിലാണ്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലാണ്  പഞ്ചായത്ത് ഉള്‍പ്പെടുന്നത്.

പഞ്ചായത്തിന്‍റെ വടക്കുപടിഞ്ഞാറുഭാഗങ്ങള്‍ സമ്പുഷ്ടവും വിസ്തൃതവുമായ നെല്‍പ്പാടങ്ങളാണ്. പലഭാഗത്തും ആഴമേറിയ ചതുപ്പ് നിലങ്ങളുമുണ്ട്.  എന്നാല്‍ നെല്‍കൃഷിക്ക്  പര്യാപ്തരീതിയിലുള്ള സപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ നെല്‍കൃഷി നാലിലൊന്നായി ചുരുങ്ങിയിരിക്കുന്നു. കൂടാതെ വയനാട്ടിലെ വന്‍കിട ജലസേചന പദ്ധതിയായ കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ടിന്‍റെ  വരവോടെ 400 ഹെക്ടറോളം ജലാശയമായി മാറികഴിയുകയും ചെയ്തു. കര്‍ഷകര്‍ നാണ്യവിളകളിലേക്കും ക്ഷീരമേഖലയിലേക്കും മാറിയെങ്കിലും ഇപ്പോള്‍ വന്‍പ്രതിസന്ധിയെ അഭിമുഖീകരിക്കുകയുമാണ്. ഇതു മുതലാക്കി ഒട്ടനവധി ടൂറിസ്റ്റ് സങ്കേതങ്ങളുടെ പ്രവര്‍ത്തനം നടന്നുവരുന്നു.  എന്നാല്‍ വന്‍വിനോദ സഞ്ചാരസംരഭങ്ങള്‍ക്കുള്ള സാധ്യത മുതലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആശാവഹമല്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും പദ്ധതികളില്ല.

ഇടക്കാലത്ത് കരിങ്കല്ല് ഉല്‍പാദനത്തിന്‍റെ  കേന്ദ്രമായി മാറിയ അമ്പലവയല്‍ ഒട്ടനവധി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും പ്രകൃതി സൗന്ദര്യം  പാടെ നശിക്കുകയും  പ്രകൃതി രമണീയമായ  ശിലാരൂപങ്ങള്‍ ഭീഷണി നേരിടുകയും  കാലാവസ്ഥാ വ്യതിയാനത്തിനും  അപകടകരമായ ക്വാറി കുഴികള്‍  രൂപപ്പെടുകയും ചെയ്തത് പരിഗണിക്കപ്പെടാതെ കിടക്കുന്നു. കരമണല്‍ ഖനനം മൂലവും  വന്‍ജലശോഷണത്തിനിടയാക്കിയിട്ടുണ്ട്. വന്‍മരങ്ങള്‍ പൂര്‍ണ്ണമായി മുറിച്ചുമാറ്റിയതും ചെറുമരങ്ങള്‍ വെട്ടിയും ക്ലിയര്‍ ഫില്ലിംഗ്  നടത്തുന്നതും ഏകവിളയിലേക്ക്  നീങ്ങുന്നതും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കിടയാക്കും